Monday, August 1, 2011

കരഞ്ഞിട്ടും കാര്യമില്ലെന്നറിയുന്നവര്‍.

നിലത്തുവീണാല്‍ എടുത്തുയര്‍ത്താന്‍ ആരുമില്ലെന്ന് അറിയാവുന്ന അനാഥനായ ഒരു കുഞ്ഞ് കരയാറില്ലെന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലേ.മനുഷ്യസ്നേഹിയില്‍ ബോബിയച്ച്ന്റെ വരികള്‍ വായിക്കുമ്പോള്‍,മറ്റാരെയുംകാള്‍ നന്നായി എനിക്കതറിയാം.പ്രത്യേക പരിഗണനകള്‍ ഒന്നുമില്ലാതെ ആരുടെയോ കാരുണ്യത്തില്‍ ഭൂമിയില്‍ പിറക്കാനനുവാദം ലഭിച്ച കുഞ്ഞ്,വെറും നിലത്ത്‌ തനിച്ചു കിടക്കുമ്പോഴും,താരാട്ട് പാടാനോ,തലോടാനോ ഒരു സ്നേഹചുംബനം കൊടുക്കാനോ ആരുമില്ലാതെ വളരുന്ന കുഞ്ഞുങ്ങള്‍. അഞ്ചര മാസമുള്ള കുഞ്ഞിനെ ഞാന്‍ കാണുമ്പോള്‍ അവളുടെ മുഖത്ത്‌ കുഞ്ഞുങ്ങളുടെതായ ഒരു പ്രസാദവുമില്ലായിരുന്നു.മറിച്ചു പകയോ, ദേഷ്യമോ ഒക്കെ ആയിരുന്നുവെന്ന് തോന്നി.ശരിയായിരിക്കാം.അമ്മയുടെ ഉള്ളിലായിരിക്കുമ്പോള്‍ അമ്മ ഉള്ളില്‍ രൂപപ്പെടുത്തുന്ന വികാരങ്ങളെ അതേപടി കുഞ്ഞുങ്ങള്‍ ഒപ്പിയെടുക്കാറുണ്ട്.അവള്‍ ഒരിക്കല്‍ പോലുംചിരിച്ചിരുന്നില്ല.വിശക്കുമ്പോഴല്ലാതെ കരഞ്ഞിരുന്നില്ല.വയറുനിറഞ്ഞാല്‍ നിലത്ത്‌ വെറും തറയില്‍ ഇട്ടാലും അവിടെ കിടന്നു ഉറങ്ങിക്കൊള്ളും.അതായിരുന്നു അവള്‍.കൂടെയിരിക്കാന്‍, കൊഞ്ചിക്കാന്‍,കരയുമ്പോള്‍ എടുത്തുയര്‍ത്താന്‍ ആരുമില്ലെന്ന് എത്രയോ മുന്നമേ ഈ കുഞ്ഞുങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടാകണം.പിന്നെയുമൊരു ആറുമാസം കൂടിയെടുത്തു അവള്‍ തന്റെ പ്രായത്തിലുള്ള കുഞ്ഞുങ്ങളുടെ മാതിരി പൊട്ടിച്ചിരിക്കാനും,വികാരങ്ങള്‍ പ്രകടിപ്പിക്കാനുമായി...