Wednesday, December 1, 2010

കുഞ്ഞേ , നീയെനിക്ക് ഗുരുവാകുക

ഒരമ്മയുടെ ഡയറിക്കുറിപ്പുകള്‍ വായിച്ചതിങ്ങനെ...

ഒരിക്കല്‍ ഞങ്ങള്‍ വല്ലാതെ കലഹിച്ചു.ഞാന്‍ തന്നെയാണതിന്റെ തുടക്കമിട്ടത്‌ എന്ന് എല്ലാറ്റിന്റെയും അവസാനം സ്വയം കുറ്റപ്പെടുത്തുന്ന എനിക്ക് വേണമെങ്കില്‍ പറയാം.ചില രാത്രികള്‍ അങ്ങനെയാണ്.ഉള്ളില്‍ കിടക്കുന്ന ചെറിയ അലോസരങ്ങളാകം,പുകഞ്ഞു പുകഞ്ഞു
കിടക്കും.പുറത്തെടുത്തു ഒന്നുകൂടി മൂര്‍ച്ച കൂട്ടി ഉള്ളിലെ രോഷം ഒഴുക്കിയില്ലെന്കില്‍ ഒരു സമാധാനക്കേട്. ചിലപ്പോള്‍ ഉറങ്ങാന്‍ പറ്റിന്നു വരില്ല. പിന്നിട് ശാന്തമായി ആലോചിക്കുമ്പോഴാകട്ടെ,ആത്മനിന്ദയും തോന്നും. ഒരു ഹൈക്കു കേട്ടിട്ടില്ലേ.പറയാതെ പോയ തെറിവാക്ക് കെട്ടിക്കിടന്നെന്റെ തൊണ്ട കയ്ക്കുന്നു'.എന്ന്.ചിലപ്പോള്‍ അങ്ങനെയാകും കാര്യങ്ങള്‍.രണ്ടു ചീത്ത പറയാതെ ഉറക്കം വരില്ല. ചിലപ്പോള്‍ ന്യായം എന്റെ ഭാഗത്തുമാകാം, ചിലപ്പോള്‍ തിരിച്ചും...

എന്തായാലും ഞങ്ങള്‍ കലഹിച്ചു..വഴക്കിന്റെ കാഠിന്യം ഏറിയപ്പോള്‍ അദ്ദേഹം പറഞ്ഞു. നോക്ക്, ഒരപ്പന്‍ അത്ര നല്ലവനല്ലെന്കിലും അത് കുഞ്ഞിനെ ബാധിക്കില്ല, പക്ഷെ അമ്മ ,അമ്മ നല്ലതല്ലെങ്കില്‍ കുഞ്ഞിനു തെറ്റിപ്പോകാന്‍ മറ്റൊരു കാരണവും വേണ്ട.എന്റെ ശകാരം മുഴുവന്‍
ആവാക്കുകളില്‍ തട്ടി നിന്നുപോയി.കുഞ്ഞിനെ നോക്കി..ദൂരെമാറിയിരിക്കുന്ന കുഞ്ഞിന്റെ ഉള്ളിലെ ഭീതി മിഴികളില്‍ കാണാനുണ്ട്.. ഞാനെഴുന്നെറ്റ്‌ പോയി, ഉള്ളിലെ കോപം സങ്കടത്തിന് വഴിമാറി. ക്രിസ്തുവിന്റെ രൂപത്തിനു മുന്‍പില്‍ പോയി നിന്നു .കണ്ണിര്‍
അടക്കാനാവുന്നില്ല.മാപ്പ് തമ്പുരാനെ.ഇത്രയും വലിയൊരു തിരിച്ചറിവിനു..അപ്പനെക്കാള്‍ അമ്മയ്ക്ക് തന്നെയാകണം കുഞ്ഞുങ്ങളെ അധികമായി സ്വാധീനിക്കാനാവുക.

അടുത്ത ദിവസം രാവിലെ ഞങ്ങളുടെ കൊച്ചുവര്‍ത്തമാനങ്ങള്‍ക്കിടയില്‍ കുഞ്ഞ്‌ എന്റെ മിഴികളിലേക്ക് നോക്കി പറയുകയാണ്‌. ''അമ്മെ, അമ്മയുടെ കണ്ണുകളില്‍ നോക്കിയാല്‍ എനിക്ക് അപ്പായെയും അമ്മയെയും കാണാം''.

ശരിക്കും നെഞ്ചിലേക്ക് ഒരു കുഞ്ഞുകത്തി വെച്ച് കീറുന്നത് പോലെ തോന്നി അപ്പോള്‍. തലേന്ന് രാത്രിയിലെ സംഭവം മനസ്സിലേക്ക് ഓര്‍മ്മ വന്നു. ഞാനാ നിമിഷം അവിടെ മുട്ടുകുത്തി.ദൈവമേ ഒരു കുഞ്ഞിലൂടെ നീയെന്നോടു സംസാരിക്കുന്നുവോ.കണ്ണുകളില്‍ നോക്കിയാല്‍ നിഴല്‍ കാണാമെന്ന് ഈ മൂന്നര വയസ്സുകാരി കുഞ്ഞിനോട് ഒരിക്കല്‍ പോലും ഞാന്‍ പറഞ്ഞിട്ടില്ല. അമ്മയുടെയോ അപ്പന്റെയോകണ്ണുകളില്‍ നോക്കിയാല്‍ മാതാപിതാക്കള്‍ രണ്ടു പേരുടെയും നിഴലുകള്‍ കുഞ്ഞുങ്ങള്‍ക്ക്‌ ഒരുമിച്ച് കാണാനാകണമെന്നു നീയി കുഞ്ഞു മകളിലൂടെ എന്നോടു പറയുകയാണല്ലോ. ഞാനവളെ വാരിയെടുത്ത് ചേര്‍ത്തുപിടിച്ചു.കണ്ണിര്‍ അടക്കാന്‍പ്രയാസപ്പെട്ടു.
തീര്‍ച്ചയായും ദാമ്പത്യങ്ങള്‍ അങ്ങനെയാകണം.കുഞ്ഞുങ്ങള്‍ക്ക്‌ അപ്പനെയും അമ്മയെയും ഒരു മിഴികളില്‍ കാണാനാകണം.

വീട് കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടിയുള്ളതാണ്..

കുഞ്ഞേ , നീയെനിക്ക് ഗുരുവാകുക.

2 comments:

  1. ഒരമ്മയുടെ ഡയറിക്കുറിപ്പുകള്‍ വായിച്ചതിങ്ങനെ..
    അടുത്ത ദിവസം രാവിലെ ഞങ്ങളുടെ കൊച്ചുവര്‍ത്തമാനങ്ങള്‍ക്കിടയില്‍ കുഞ്ഞ്‌ എന്റെ മിഴികളിലേക്ക് നോക്കി പറയുകയാണ്‌. ''അമ്മെ, അമ്മയുടെ കണ്ണുകളില്‍ നോക്കിയാല്‍ എനിക്ക് അപ്പായെയും അമ്മയെയും കാണാം''.
    ശരിക്കും നെഞ്ചിലേക്ക് ഒരു കുഞ്ഞുകത്തി വെച്ച് കീറുന്നത് പോലെ തോന്നി അപ്പോള്‍.

    ReplyDelete
  2. എന്റെ വീട്ടിലുമുണ്ട് രണ്ട് കുരുന്നുകൾ . മൂന്നാം ക്ലാസുകാരി സ്കൂളിലെ വികൃതിയായ സഹപാഠിയെ പറ്റി പരാതി പറഞ്ഞ് ചെവി തിന്നുന്നു. ടീച്ചറോട് പരാതി പറയുന്നതുൾപ്പെടെ അവനെ എങ്ങനെ നേരിടണമെന്ന് ഞാൻ ഉപദേശിക്കുന്നതിനിടെ ഇളയ രണ്ടാം ക്ലാസുകാരൻ(my profile photo) ഒരേ ഒരു വാചകത്താൽ എന്റെ വായ് അടച്ചുകളഞ്ഞു.

    ‘ചേച്ചീ why cant you love your enemy, as advised by our God'

    ജ്ഞാനികൾക്ക് വെളിവാകാത്തത് ദൈവം പലപ്പോഴും ശിശുക്കളുടെ വായിൽ കൂടി സംസാരിക്കുന്നു.

    ReplyDelete